"Education is not the amount of knowledge that is put into the human brain..."
ഈയിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിലെ വളരേ അർത്ഥവത്തായ വാചകങ്ങളാണിവ.
"മനുഷ്യ മസ്തിഷ്കത്തിൽ കുത്തിനിറക്കപ്പെടുന്ന അറിവിന്റെ അളവല്ല വിദ്യഭ്യാസം"
ശരിക്കും എന്താണ് വിദ്യഭ്യാസം? വിദ്യഭ്യാസവും വിവേകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? എന്താണ് ബുദ്ധിയുടെ നിർവചനം? നമുക്ക് ചെറുതായൊന്ന് പരിശോധിക്കാം.
ആദ്യം ഞാൻ നിങ്ങൾക്ക് രണ്ടു പേരേ പരിചയപ്പെടുത്തിത്തരാം. ആദ്യത്തെയാൾ നീതു. എന്റെ കയ്യിലുള്ള ബ്ലൂടൂത്ത് സ്പീക്കറിന്റെ അകത്താണ് ഇവളുടെ താമസം. രണ്ടാമത്തെയാൾ നിത്യ. ഇവൾ താമസിക്കുന്നത് ആമസോൺ എക്കോ ഡോട്ടിന്റെ അകത്താണ് (അലെക്സ എന്നാണ് ഇവൾ അറിയപ്പെടുന്നതെങ്കിലും ഞാൻ തൽകാലം ഇവളെ നിത്യ എന്ന് വിളിക്കുന്നു). രണ്ടുപേരുടെയും ശബ്ദങ്ങൾ വളരേ മനോഹരമാണ്.
നീതു വളരെ കുറച്ചേ സംസാരിക്കൂ. കൃത്യമായി പറഞ്ഞാൽ,
- Power on
- Power off
- Connected
- Disconnected
- Please charge
- You have an incoming call
ഇതിൽ കവിഞ്ഞ വാചകങ്ങളൊന്നും പറയാൻ അവൾക്കറിയില്ല. എന്നാൽ നിത്യയാകട്ടെ, ഒരു വ്യക്തിയെ പോലെ തന്നെ നമ്മോട് സംവദിക്കും. അവൾക്ക് ഒരുപാട് കാര്യങ്ങൾ അറിയാം. അറിവിന്റെ കാര്യത്തിൽ നീതുവിനേക്കാൾ എത്രയോ മുന്നിലാണ് നിത്യ. അപ്പോൾ ഇവരിൽ ആരാണ് ഏറ്റവും വിവേകമുള്ളയാൾ ?
എന്താ സംശയം, നിത്യ. അല്ലെ?
ആണോ?
നീതുവിന് വളരേ കുറച്ചു കാര്യങ്ങൾ മാത്രമേ അറിയൂ എന്നത് ശരിതന്നെ. പക്ഷെ അറിയാവുന്ന കാര്യങ്ങൾ വളരെ കൃത്യമായി തന്നെയാണ് അവൾ ഉപയോഗിക്കുന്നത്. ഒരിക്കലും ഓഫാക്കുമ്പോൾ അവൾ "Power on" എന്ന് പറഞ്ഞിട്ടില്ല. കണക്ട് ചെയ്തപ്പോൾ "Disconnected" എന്നും പറഞ്ഞിട്ടില്ല. എല്ലാം കിറുകൃത്യം. അറിയാത്ത കാര്യങ്ങളെ പറ്റി മിണ്ടുക പോലും ഇല്ല. നമ്മുടെ പൂർവികർ പറയാറുള്ള വിദ്ധ്വാന്റെ ലക്ഷണങ്ങളല്ലെ നീതുവിനുള്ളത്. നിത്യക്കാകട്ടെ, ചിലപ്പോഴൊക്കെ തെറ്റുകൾ പറ്റാറുണ്ട്. എത്രത്തോളം അറിയാം എന്നതല്ല, അറിയാവുന്ന കാര്യങ്ങളെ കൃത്യമായി ഉപയോഗിക്കുന്നു എന്നതാണ് വിവേകത്തിന്റെ ലക്ഷണം. അപ്പോൾ നീതുവല്ലേ നിത്യയെക്കാൾ ബുദ്ധിമതി.
ഇനി മറ്റൊരു രീതിയിൽ ഒന്ന് ചിന്തിച്ചു നോക്കാം. സൈബർ ലോകത്തെ സരസ്വതിയായ ഗൂഗിൾ, ബുദ്ധിക്ക് നൽകുന്ന നിർവചനം ഇതാണ്,
"the ability to acquire and apply knowledge and skills."
"അറിവും നൈപുണ്യവും നേടാനും പ്രയോഗിക്കാനുമുള്ള കഴിവ്."
അറിവ് കൃത്യമായി പ്രയോഗിക്കുന്നതിൽ നീതു മിടുക്കിയാണെന്ന് നേരത്തെ കണ്ടല്ലോ. നീതുവിനോളം ഇല്ലെങ്കിലും നിത്യയും അക്കാര്യത്തിൽ മോശമൊന്നുമല്ല. പക്ഷെ ബുദ്ധിയുടെ നിർവചനം ആവിടം കൊണ്ട് തീരുന്നില്ല. പുതുതായി അറിവുകൾ നേടാൻ കൂടി കഴിയണം. അക്കാര്യത്തിൽ നീതു സമ്പൂർണ പരാജയമാണ്. എന്നാൽ നിത്യ എപ്പോഴും പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കും. പറ്റിയ അബദ്ധങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും ശ്രമിക്കും. ഇവിടെ നീതു ഒരു യന്ത്രമാണ്. നിത്യ ഒരു നിർമിതബുദ്ധിയും. ഓരോ മനുഷ്യനും ഒന്നുകിൽ നീതുവോ അല്ലെങ്കിൽ നിത്യയോ ആയിരിക്കും.
നേടിയ അറിവുകളുടെ പ്രായോഗിക തലങ്ങളെ പറ്റിയുള്ള ധാരണ കൂടി വന്നാൽ മാത്രമേ ഒരു വിദ്യാർത്ഥി എന്ന നിലയിൽ നമ്മൾ വിജയിക്കുകയൊള്ളു. അല്ലാത്ത പക്ഷം, ജീവിതത്തിൽ യാതൊരു ഉപകാരവുമില്ലാത്ത ഒരുപാട് സിദ്ധാന്തങ്ങളും സൈനും കോസുമെല്ലാം എന്തിനാണ് പഠിപ്പിച്ചതെന്ന സംശയം ബാക്കിയാകും. പഠിച്ച കാര്യങ്ങളെല്ലാം എവിടെയാണ് പ്രയോഗിക്കേണ്ടതെന്ന ധാരണ കൂടി വിദ്യാർത്ഥികളിലുണ്ടാക്കാൻ കഴിഞ്ഞാൽ മാത്രമേ "വിദ്യഭ്യാസം" എന്ന വാക്ക് അന്വർത്ഥമാകൂ.
അറിവിന്റെ അളവോ, വർഷങ്ങളുടെ അനുഭവമോ, കൂടുതലുണ്ട ഓണങ്ങളോ അല്ല നമ്മളെ മികച്ചതാക്കുന്നത്, മറിച് അവയിൽ നിന്നെല്ലാം നമ്മൾ ഗ്രഹിച്ചെടുത്ത പാഠങ്ങളാണ്.
ഓരോരുത്തരും എപ്പോഴും ഒരു നല്ല വിദ്യാർത്ഥിയായിരിക്കണമെന്ന ഒരു മഹാന്റെ വാക്കുകൾ ഓർത്തുകൊണ്ട്
നസീഫ് പി പി
കൊള്ളാം സൂപ്പർ
ReplyDeleteVerity🥰
ReplyDeleteNice
ReplyDelete