Skip to main content

സ്നേഹത്തിന്റെ വിഷം



 വികാരങ്ങളെ  നിയന്ത്രിക്കാൻ കഴിയാതെ എന്തും എവിടെയും തീർക്കാമെന്ന് കരുതി പേ പിടിച്ച് നടക്കുന്ന ഒരു പറ്റം ആളുകൾ ഈ സമൂഹത്തിന്റെ തന്നെ ഓരോ കോണിലും ഉണ്ട്. സ്തീയെന്നോ പുരുഷനെന്നോ ഇല്ല , കുട്ടികളെന്നോ മുതിർന്നവരെന്നോ ഇല്ല , സ്വന്തം  കാര്യങ്ങൾ തിരിച്ചറിയാൻ തുടങ്ങാത്ത നന്നേ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളുടെ നിഷ്കളങ്കത മുതലാക്കി അവരെ ഉപയോഗിക്കുന്നവരുണ്ട് ഇവിടെ.  ഒന്നിരുന്ന് സംസാരിച്ചാൽ ഇത്തരമൊരു കഥ ഒരുപാട് മനസ്സുകളിൽ ഉണ്ടാവും. നടന്നു പോവുന്ന വഴിയിൽ വച്ചും പോവുന്ന വണ്ടിയിൽ വച്ചും , ഒന്നും വേണ്ട സ്വന്തം കുടുംബത്തിൽ നിന്ന് വരെ ഇഷ്ടമില്ലാത്തൊരു നോട്ടമോ സ്പർശമോ അറിയേണ്ടി വന്നവർ.  ഇരുപത് വയസ്സ് പ്രായമായ ഒരാൾക്ക് ഉണ്ടായ അനുഭവത്തിന്റെ ആഴത്തിൽ ആയിരിക്കില്ല ഒൻപത് വയസ്സായ ഒരു കുഞ്ഞ് ആ അനുഭവങ്ങളെ നോക്കിക്കാണുന്നത്.. അത് മനസിലാക്കാനും മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാനും അവർക്ക് ഒരുപാട് സമയം എടുക്കും , പലപ്പോഴും ഇത് തുറന്ന് പറയാൻ മടിക്കുന്നുണ്ടാവും , പറയാൻ തുനിഞ്ഞ് പകുതി വച്ച് തിരിച്ചു നടന്നവരുണ്ടാവും , എന്തെന്ന് തിരിച്ചറിയാൻ പോലുമാവാതെ  ചിലപ്പോൾ ഏറെ ബുദ്ധിമുട്ടുന്നുണ്ടാവും. 

 അന്വേഷിക്കാൻ പോയിടത്തൊക്കെ പൂട്ടു പൊളിച്ച് പുറത്ത് വരാൻ പേടിക്കുന്ന ഒരുപാട് പേരുണ്ടായിരുന്നു.  മാന്യതയുടെ മുഖംമൂടിയിട്ട് വന്ന് കബളിപ്പിച്ച്  മറ്റെന്തിനോ വേണ്ടി മാത്രം സംസാരിക്കുന്നവർ, ഉപയോഗിക്കപ്പെടുന്നവർ , ഉപേക്ഷിക്കപ്പെട്ടവർ . തിരക്കുള്ള ബസിൽ അവസരം മുതലാക്കി  തൊട്ടുരുമ്മാൻ വരുന്ന പല വികാര ജീവികളെയും  ഞാനടക്കമുളള ഒരുപാട് പേർ ശ്രദ്ധിച്ചിട്ടും അനുഭവിച്ചിട്ടും ഉണ്ടാവും .

 


സ്നേഹത്തിന്റെ പേരിൽ toxicity കുത്തി വക്കുന്ന , പങ്കാളിയെ വീർപ്പുമുട്ടിച്ച് അതിൽ ആഹ്ലാദം കണ്ടെത്തുന്ന ഒരു കൂട്ടം നല്ലവരായ പ്രേമ രോഗികളും നമ്മുടെ നാട്ടിൽ ഉണ്ട്. സ്വന്തം frustration തീർക്കാനും,  ആവശ്യം വരുമ്പോൾ പെയോഗിക്കാനും വേണ്ടി ഏറ്റവും കരുതലുള്ളവർ എന്ന് സ്വയം അവകാശപ്പെടുന്നവർ. സ്നേഹമെന്നത് പലപ്പോഴും വേദനയായും പിന്നീടൊരു  ഭാരമായും മാറുന്നത് ഇത്തരം സാഹചര്യങ്ങളിലാണ് .വൈകല്യമുള്ള മനസ്സ് വച്ച് നടക്കുന്ന ഒരുപാട് പേർ നമ്മുടെ തന്നെ സുഹൃത്ത് വലയങ്ങളിൽ ഉണ്ട്. പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്നവർ. ശരിയാണെന്ന് കരുതി തെറ്റിനെ പ്രോത്സാഹിപ്പിക്കുന്നവർ ആയി നമ്മൾ മാറുന്നത് ഇത്തരം മുഖങ്ങൾ തിരിച്ചറിയാൻ കഴിയാതെ വരുമ്പോഴാണ് .  വിഷം കുത്തിവക്കപ്പെട്ട മനസുമായി സ്നേഹിക്കാൻ ഇറങ്ങിയാൽ അവിടെ ചരിത്രങ്ങൾ ഏതായാലും ഉടലെടുക്കില്ലല്ലോ . പലരും അവിടെ വീർപ്പുമുട്ടി പിന്നീടെപ്പോഴൊ അവിടെ തന്നെ ഞെരിഞ്ഞമരും . മറ്റു ചിലർ സർവശക്തിയും ആർജിച്ച് തന്റേടത്തോടെ അതിനെ അങ്ങ് ഇല്ലാതാക്കും.

          കലിപ്പന്റെ കാന്താരിയെന്നും കാന്താരിയുടെ കലിപ്പനെന്നും പറഞ്ഞ് നടന്ന് ഊറ്റം കൊള്ളുന്നവർ... ഈ പറയുന്ന കലിപ്പനും കാന്താരിയുമെല്ലാം ടോക്സിക് റിലേഷൻഷിപ്പുകളുടെ ബാക്കിപത്രങ്ങളാണ്.സ്വന്തം പങ്കാളി ഷാളിടാതെ നടന്നാലും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാലും പരസ്പരം റിപ്പോർട്ട് ചെയ്യാതെ ഒരിടത്ത് പോയാലും മറ്റുള്ളവരോട് കൂടുതൽ ശ്രദ്ധ കാണിച്ചാലുമാക്കെ എന്തൊരു കരുതലാണ് എന്നോടെന്ന് ചിന്തിക്കുന്നിടത്താണ് ഏറ്റവും വലിയ പരാജയം സംഭവിക്കുന്നത് . പരസ്പരം ബഹുമാനം കൊടുക്കാതെ ഒരാളുടെ ഇഷ്ടം മറ്റൊരാളിൽ അടിച്ചേൽപ്പിക്കുമ്പോൾ അവിടെ യഥാർത്ഥത്തിൽ ഉണ്ടാവുന്നത് സ്നേഹവും കരുതലുമാണോ അതോ മറ്റെന്തെങ്കിലുമോ ?  എങ്കിൽ സ്നേഹത്തിന്റെ അർത്ഥം മാറ്റിയെഴുതപ്പെട്ടേ മതിയാവൂ. ദേഷ്യം തീർക്കാനും സ്വന്തം താൽപര്യങ്ങൾക്ക്  അതീതമായി വേണ്ടി വന്നാൽ മുഖമടക്കി ഒന്നു പൊട്ടിക്കാനും മടിയില്ലാത്തവരുണ്ട്. 

  ഇഷ്ടപ്പെട്ട ഫോട്ടോ പോസ്റ്റ് ചെയ്താൽ , ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിച്ചാൽ , ഇഷ്ടപ്പെട്ട ആളുകളോടൊന്ന് അടുത്തിടപെഴകിയാൽ ചോർന്നു പോവുന്ന എന്തോ ഒന്നാണ് സ്നേഹമെന്നാണ് പലരുടേയും ധാരണ .  സ്നേഹം എന്ന് പേരിട്ട് കാണിക്കുന്ന ഇത്തരം പേക്കൂത്തുകളുടെ ഉള്ളിൽ കുടുങ്ങി പോയ ഒരുപാട് പേരെ ഒന്നു ചുറ്റും നോക്കിയാൽ തന്നെ കാണാം .    സ്വന്തം സ്വാതന്ത്ര്യത്തിനും ഇഷ്ടത്തിനും തടയിടുന്നിടത്ത് ഒരിക്കലും സ്നേഹവും കരുതലുമല്ല ജനിക്കുന്നത് , മറിച്ച് അടിമത്വം മാത്രമാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ കയർ ഒരാളുടെ കൈയിലും കൊടുക്കേണ്ട ആവശ്യമില്ല, എന്തും വേണം , പക്ഷെ സ്വന്തം ഇഷ്ടങ്ങൾ നിഷേധിക്കപ്പെടുന്നിടം വരെയേ അതിന് ആയുസ്സുണ്ടാവാൻ പാടുള്ളൂ. മനസിലാക്കി തിരുത്തി സ്വയം ഇറങ്ങി പോരുക എന്നല്ലാതെ എന്നും കൂടെ ഉള്ള സ്വന്തം മനസ്സാക്ഷിയെ മറ്റൊരാളെ ഏൽപ്പിക്കാതിരിക്കുക.  സ്നേഹമെന്ന് പറഞ്ഞ് കുത്തി വക്കുന്ന വിഷത്തിൽ മയങ്ങി പോവാതിരിക്കുക. 

വായിൽ തോന്നിയതെന്തും വിളിച്ചു പറയാനും , കേൾക്കുന്നതെല്ലാം വെള്ളം തൊടാതെ വിഴുങ്ങാനും അപ്പുറത്ത് പച്ചയും മാംസവും ഉള്ള ഒരു മനുഷ്യന്റെ ആവശ്യമില്ലല്ലോ .......


നിത്യ എം പി

Comments

  1. പ്രണയത്തിന്റെ പ്രയാസങ്ങൾ പറയുമ്പോൾ എന്ത് കൊണ്ട് ആണുങ്ങൾടെ പ്രയാസങ്ങൾ കാണുന്നില്ല. അവനും മനുഷ്യൻ അല്ലേ?? അതോ സൗകര്യപൂർവ്വം മറന്നതോ മറയ്ക്കുന്നതോ? ...
    എന്നിരുന്നാലും നല്ല എഴുത്തിന് നന്ദി.💞

    ReplyDelete

Post a Comment