കേൾക്കുമ്പോൾ ശരിയെന്നു തോന്നുന്ന , പെട്ടന്ന് അപാകത തിരിച്ചറിയാൻ കഴിയാത്ത ചില യുക്തി വൈകല്യങ്ങളെ പറ്റിയാണ് ഇത്തവണ.
ആധികാരികത (Appeal to authority)
"ഡെന്റിസ്റ്റുകൾ ശുപാർശ ചെയ്യുന്ന നമ്പർ വൺ ബ്രാൻഡ്"
ഒരു ടൂത്ത് പേസ്റ്റ് നമ്പർ വൺ ആണെന്ന് തെളിയിക്കേണ്ടത് അതിന്റെ ഗുണകണങ്ങളെ പറ്റി പറഞ്ഞു കൊണ്ടും അതിൽ ഉപയോഗിച്ചിരിക്കുന്ന മൂലകങ്ങളെ പറ്റിയും അത് പല്ലിൽ ഉണ്ടാക്കുന്ന ഫലങ്ങളെ പറ്റിയും പറഞ്ഞുകൊണ്ടാണ്. ഡെന്റിസ്റ് പറഞ്ഞു എന്ന് കരുതി അത് അടിപൊളി ആവണമെന്നില്ല. ആർക്കും തെറ്റ് പറ്റാം. ഇതിന്റെ മറ്റു ഉദാഹരണങ്ങൾ ,
"ചെറുനാരങ്ങാ നീര് കൊറോണയെ പ്രധിരോധിക്കുമെന്ന് ഒരു ഡോക്ടർ പറഞ്ഞിട്ടുണ്ട് "
"അതു പറയാൻ നീ ഒരു ശാസ്ത്രജ്ഞൻ ഒന്നുമല്ലല്ലോ" (ആധികാരികമായ ഒരു വ്യക്തി പറഞ്ഞാലേ ഞാൻ വിശ്വസിക്കൂ എന്ന വാശിയും ഈ ഗണത്തിൽ പെടുത്താം )
"സർക്കാർ പോലും ഹോമിയോപതിയെ അനുകൂലിക്കുന്നുണ്ട്"
"സ്ത്രീകളുടെ സ്ഥാനം പുരുഷന്റെ താഴെയാണെന്ന് ആ വലിയ പണ്ഡിതൻ പറഞ്ഞിട്ടുണ്ട് "
ഈ വാദങ്ങളെല്ലാം തന്നെ ബാലിശമാണ്. ഇനി പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിൽ ശരിയുണ്ടെങ്കിൽ തന്നെ അത് പറയേണ്ട രീതി ഇങ്ങനെയല്ല.
ജനകീയത (Appeal to popularity)
ഒരു കാര്യം ജനകീയമാണെന്ന കാരണത്താൽ അത് ശരിയാണെന്ന് വിശ്വസിക്കൽ.
"ചന്ദ്രിക ഉപയോഗിക്കുന്ന അഞ്ചിൽ നാലു പേരും അതവരുടെ ഫ്രെണ്ട്സിന് റെക്കമെന്റ് ചെയ്യുന്നു"
(കൂടുതൽ പേർ ഒരു കാര്യം നല്ലതാണെന്ന് പറയുന്നുണ്ടെന്നു കരുതി അത് നല്ലതാവണമെന്നില്ല. ആയതിനാൽ ഈ വാദം ആ ഉല്പന്നത്തിന്റെ ഗുണമേന്മ തെളിയിക്കാൻ ഉതകുന്നതല്ല.)
"കേരളത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള പത്രം"
(ഈ വാചകത്തിൽ കുഴപ്പമൊന്നുമില്ല. ഒരു വസ്തുത പ്രസ്താവിച്ചു എന്നേയുള്ളു. കൂടുതൽ വായനക്കാരുള്ളത് കൊണ്ട് ഇത് മികച്ച പത്രമാകുന്നില്ലെന്ന് മാത്രം.)
"കേരളത്തിൽ സിംഹവാലൻ കുരങ്ങുകളെക്കാൾ എണ്ണത്തിൽ കുറവാണ് യുക്തിവാദികൾ....” (എണ്ണത്തിൽ കുറവായത് കൊണ്ട് മാത്രം ഒരു കൂട്ടർ പറയുന്ന വാദം തെറ്റാണെന്ന് പറയുന്നതും ഈ ഗണത്തിൽ പെട്ടത് തന്നെ . ഈ പറഞ്ഞ വാചകം മുമ്പ് പരിചയപ്പെട്ട ad hominem കൂടിയാണ്.)
പ്രകൃതിദത്തം (Appeal to nature)
പ്രകൃതിദത്തമായതിനാൽ ഒരു കാര്യം നല്ലതാണെന്ന് വിശ്വസിക്കൽ. പ്രകൃതിയിൽ ദോഷകരമായ ചെടികളും ഫലങ്ങളും ഉണ്ടെന്നിരിക്കെ ഇത്തരം വാദങ്ങൾ ബാലിശമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
"നാൽപത്തിയൊന്ന് പ്രകൃതിദത്ത മൂലികകൾ അടങ്ങിയത് "
"അതിൽ ഒരുപാട് കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അതുപയോഗിക്കരുത്"
( കെമിക്കലുകളോടുള്ള ഭയവും ഈ ഗണത്തിൽ പെടുത്താവുന്നതാണ്. നമ്മുടെ ശരീരം മുഴുവൻ കെമിക്കലുകളാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലും ധാരാളം കെമിക്കലുകളുണ്ട്. കെമിക്കൽ ഉണ്ട് എന്നത് കൊണ്ട് മാത്രം ഒരു കാര്യം ദോഷകരമാകുന്നില്ല.)
പാരമ്പരാഗതം (Appeal to tradition)
പാരമ്പരാഗതമായതിനാൽ ഒരു കാര്യം നല്ലതെന്ന് വിശ്വസിക്കൽ. പ്രകൃതിദത്തം പോലെ തന്നെ ബാലിശമാണ് പരമ്പരാഗതവും.
"അമ്പത്തതൊന്ന് വർഷത്തെ പാരമ്പര്യം"
"നമ്മുടെ പൂർവികർ ഇത് ചെയ്തിട്ടുണ്ട് , അതുകൊണ്ട് ഞങ്ങളും ചെയ്യുന്നു"
"നമ്മുടെ തറവാട്ടിൽ ഇന്നേവരെ ആരും ഒരു അന്യ ജാതിക്കാരനെ വിവാഹം കഴിച്ചിട്ടില്ല"
(പൂർവികർ ചെയ്യാത്തതിനാൽ ഒരു കാര്യം തെറ്റാണെന്ന് കരുതുന്നതും ഈ ഗണത്തിൽ പെട്ടത് തന്നെ.)
"ഇറക്കം കുറഞ്ഞ വസ്ത്രം നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല"
"ആണും ആണും കല്യാണം കഴിക്കുക എന്നത് നമ്മുടെ സംസ്കാരത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്"
അറിവില്ലായ്മ (Appeal to ignorance)
ഒരു കാര്യം തെറ്റാണെന്ന് തെളിവില്ലാത്തതിനാൽ അത് ശരിയാണെന്ന് വിശ്വസിക്കൽ. നേരെ തിരിച്ചും.
"ദൈവം ഉണ്ടെന്ന് തെളിവില്ല , അതുകൊണ്ട് ദൈവമില്ല"
"ദൈവം ഇല്ലെന്ന് തെളിവില്ല, അതുകൊണ്ട് ദൈവമുണ്ട്"
(രണ്ടും ബാലിശമായ വാദങ്ങളാണ്)
തെളിവുകളുടെ അഭാവം അഭാവത്തിന്റെ തെളിവല്ല. പക്ഷെ, ഉള്ള ഒരു കാര്യം ഉണ്ടെന്ന് തെളിയിക്കാൻ സാധാരണ ഗതിയിൽ സാധിക്കുന്നതിനാലും, ഇല്ലാത്ത ഒരു കാര്യം ഇല്ലെന്ന് തെളിയിക്കാൻ സാധാരണ ഗതിയിൽ സാധിക്കാത്തതിനാലും, തെളിവുകളുടെ അഭാവം അഭാവത്തിന്റെ തെളിവായി കണക്കാക്കുന്നതാണ് കൂടുതൽ ഉചിതം. അതുകൊണ്ടാണല്ലോ കുറ്റം തെളിയുന്നത് വരേ ഒരാൾ നിരപരാധിയാണെന്ന് നമ്മൾ പറയുന്നത്.
വൈകാരികത (Appeal to emotion)
ഒരു കാര്യത്തെ യുക്തിപരമായി അവതരിപ്പിക്കുന്നതിനു പകരം വൈകാരികമായി അവതരിപ്പിക്കുന്ന രീതി. കേൾവിക്കാരന്റെ ഏതെങ്കിലുമൊരു വികാരത്തെ മുതലെടുത്തു കൊണ്ടായിരിക്കും ഇവിടെ പോയിന്റ് പ്രൂവ് ചെയ്യാൻ ശ്രമിക്കുക. ഏതാനും ഉദാഹരണങ്ങൾ പറഞ്ഞാൽ കൂടുതൽ വ്യക്തമാകുമെന്ന് കരുതുന്നു.
"ചേച്ചീ, ഈ പ്രോഡക്റ്റ് വാങ്ങുകയാണെങ്കിൽ ഞങ്ങൾക്ക് പോയിന്റ് കിട്ടും. എന്നാലേ ഞങ്ങൾക്ക് ഈ കോഴ്സ് പാസാക്കാൻ പറ്റൂ"
"നിങ്ങൾ ഈ ജോലി എനിക്ക് തന്നില്ലെങ്കിൽ എന്റെ കുടുംബം പട്ടിണിയാകും"
ഇവിടെ സഹതാപത്തെയാണ് മുതലെടുക്കാൻ നോക്കുന്നത്. ഒരു ഉൽപ്പന്നം വാങ്ങണമെന്ന് ബോധ്യപ്പെടുത്തേണ്ടത് അത് വാങ്ങിയാൽ വാങ്ങുന്നവനുണ്ടാകുന്ന ഉപകാരങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ടാണ്, അല്ലാതെ വിൽക്കുന്നവനുണ്ടാകുന്ന ഉപകാരങ്ങൾ പറഞ്ഞുകൊണ്ടല്ല. അത് പോലെ തന്നെ തന്റെ കഴിവുകളെ പറ്റിയും തന്നെ ജോലിക്കെടുത്താൽ കമ്പനിക്ക് ഉണ്ടാകാൻ പോകുന്ന ഉപകാരങ്ങളെ പറ്റിയും പറയേണ്ടതിന് പകരം തനിക്കുണ്ടാകാൻ പോകുന്ന നഷ്ടങ്ങൾ പറഞ്ഞതുകൊണ്ട് എന്ത് പ്രയോചനം. സഹതാപം മുതലെടുക്കാൻ നോക്കുന്ന മറ്റു രണ്ട് ഉദാഹങ്ങൾ നോക്കാം.
"നിങ്ങൾ വക്കീലിന് കൊടുത്ത ഫീസിൽ കൊല്ലപ്പെട്ടവന്റെ ഉമ്മ കൊടുത്ത നികുതിപ്പണം കൂടിയുണ്ടെന്നോർക്കുക"
"എന്റെ രണ്ടു സുഹൃത്തുക്കളുടെ മൃതശരീരം കണ്ടുകൊണ്ടാണ് ഞാൻ വരുന്നത് , ഉപ്പാ എന്ന് വിളിച്ചു കരയുന്ന നാല് വയസ്സ് മാത്രം പ്രായമുള്ള മകളെ കണ്ടു കൊണ്ടാണ് ഞാൻ വരുന്നത്. പ്രിയതമനെ നോക്കി വിലപിക്കുന്ന ഗർഭിണിയായ പെൺകുട്ടിയെ കണ്ടുകൊണ്ടാണ് ഞാൻ വരുന്നത് ..."
ഇവിടെ രണ്ടിലും കാര്യങ്ങൾ വൈകാരികമായാണ് അവതരിപ്പിച്ചത്. ഇവിടെ തെളിയിക്കാൻ ശ്രമിക്കുന്ന പോയിന്റ് എന്തു തന്നെ ആയാലും വികാര പ്രകടനങ്ങൾ കൊണ്ട് മാത്രം അത് ശരിയാവുകയില്ല.
"മോഷണം നല്ലതല്ല, കാരണം മോഷ്ടിച്ചാൽ അവരെ ദൈവം ശിക്ഷിക്കും "
"നീ ഈ കാര്യം ശരിയാണെന്ന് സമ്മതിച്ചില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും "
ഇവിടെ ഉപയോഗിച്ചിരിക്കുന്ന വികാരം 'ഭയം' ആണ്. മേൽപറഞ്ഞ രണ്ടിലും ഒരു പ്രത്യേക പോയിൻറ് പ്രൂവ് ചെയ്യാൻ നോക്കുകയാണ്. പക്ഷെ അതിന് യുക്തിപരമായ കാരണങ്ങൾ നിരത്തുന്നതിനു പകരം കേൾക്കുന്നവരിൽ ഭയം ഉളവാക്കിക്കൊണ്ട് അതിനെ തെളിയിക്കാൻ ശ്രമിക്കുകയാണ്. ലളിതമായി പറഞ്ഞാൽ ഭീഷണി.
"നീ നന്നായി പഠിക്കുകയാണെങ്കിൽ നിനക്ക് ഞാനൊരു ബൈക്ക് വാങ്ങിത്തരും "
"ഞങ്ങളുടെ പാർട്ടിക്ക് വോട്ട് ചെയ്യുകയാണെങ്കിൽ നിനക്ക് ഞാൻ 2000 രൂപ തരും"
ഈ രണ്ടു ഉദാഹരണങ്ങളിലും കേൾക്കുന്നവൻറെ കൊതിയെ അല്ലെങ്കിൽ ആഗ്രഹത്തെ മുതലെടുക്കുകയാണ്. പഠിക്കുന്നതിന്റെയും വോട്ടു ചെയ്യുന്നതിന്റെയും മാനദണ്ഡങ്ങളുമായി തീരെ ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇവിടെ കാരണങ്ങളായി നിരത്തുന്നത്.
ഇവിടെ പറഞ്ഞ എല്ലാ ഉദാഹരണങ്ങളിലും , ഇത്തരത്തിലെല്ലാം അവതരിപ്പിച്ചത് കൊണ്ട് ഒരു പക്ഷെ കാര്യം നേടിയെടുക്കാൻ കഴിഞ്ഞേക്കാം. കേൾവിക്കാരന്റെ കാഴ്ചപ്പാടിൽ നിന്ന് നോക്കുകയാണെങ്കിൽ ഇത്തരം വാദങ്ങളെല്ലാം തന്നെ യുക്തിപരമല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.
നിങ്ങളുടെ ശ്രദ്ധയിൽ പെട്ട ഇത്തരം ഉദാഹരണങ്ങൾ താഴെ കൊടുക്കുമല്ലോ.
നസീഫ് പി പി.

ഉള്ളടക്കം നമ്മൾ പലപ്പോഴും ചിന്തിക്കാൻ നോക്കാത്ത കാര്യങ്ങൾ ആണ് പല സാധനങ്ങളും നമ്മൾ വാങ്ങുന്നതും പരസ്യങ്ങൾ കണ്ടിട്ടാണ് അല്ലെ എന്നാൽ ആ പരസ്യങ്ങൾ മുഴുവൻ ശെരി ആണെന്ന് ഒരിക്കലും വാദിക്കാൻ ആവില്ല
ReplyDeleteeg ചന്ദ്രിക soap, അമല പോൾ നിറം
ശെരിക്കുള്ള നിറം
ആ
ReplyDelete