ഞാൻ ഫെസ്സ എന്ന ദേവതയിൽ വിശ്വസിക്കുന്നു. ഈ പ്രപഞ്ചവും അതിലെ സർവ ചരാചരങ്ങളെയും സൃഷ്ടിച്ചത് അവളാണെന്നാണ് എൻ്റെ വിശ്വാസം. എല്ലാത്തിൻ്റെയും പിന്നിലെ കാരണം. അവളെ ഞാൻ ആരാധിക്കുകയും അവളോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ബിഗ് ബാംങ്ങിലൂടെയാണ് ഈ പ്രപഞ്ചമുണ്ടായതെന്ന് കേട്ടപ്പോഴെനിക്ക് അത്ഭുതമൊന്നും തോന്നിയിരുന്നില്ല. കാരണം ഈ കാണുന്നതെല്ലാമുണ്ടായത് ഒരൊറ്റ കേന്ദ്രത്തിൽ നിന്നാണെന്ന് വേദഗ്രന്ഥത്തിലൂടെ അവൾ ഞങ്ങളോടാദ്യമേ പറഞ്ഞിരുന്നു.
നിരീശ്വരവാദികളെല്ലാം ശാഠ്യക്കാരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആദ്യം പ്രപഞ്ചം സിംഗുലാരിറ്റി എന്ന പേരിലറിയപ്പെടുന്ന ഒരൊറ്റ ബിന്ദുവായിരുന്നു. അതിൻ്റെ വികാസത്തോടു കൂടി സ്ഥലകാലങ്ങളുണ്ടായി. അതുകൊണ്ട് തന്നെ ബിഗ് ബാങ്ങിന് മുമ്പ് എന്തായിരുന്നു എന്നോ ബിഗ് ബാങ്ങ് എവിടെയാണ് നടന്നതെന്നോ ചോദിക്കുന്നത് മണ്ടത്തരമാണ്. എല്ലാം തുടങ്ങുന്നത് സ്ഥലകാലങ്ങൾക്ക് അതീതമായ സിംഗുലാരിറ്റിയിൽ നിന്നാണ്. സിംഗുലാരിറ്റിയാവട്ടെ തനിയെയുണ്ടായതും.
എങ്കിൽ പിന്നെ ആ സിംഗുലാരിറ്റിയെ സൃഷ്ടിച്ച ദേവതയിൽ വിശ്വസിക്കാൻ എന്താണിത്ര പ്രയാസം. അവളുടെ തുടക്കം എന്താണെന്നോ അവൾ എവിടെയാണെന്നോ ചോദിക്കുന്നത് മണ്ടത്തരമാണ്. കാരണം അവൾ സ്ഥലകാലങ്ങൾക്ക് അതീതയാണ്. ചുരുക്കത്തിൽ നമ്മൾ ഇരു കൂട്ടരുടെയും യുക്തി ഒന്നു തന്നെയല്ലേ?.
രണ്ടു പേരും പറയുന്നത് ഈ പ്രപഞ്ചമുണ്ടാകാനുള്ള മൂലകാരണം തനിയെ ഉണ്ടായതാണെന്നാണ്. അതിൽ ആരുടെ മൂലകാരണമാണ് കൂടുതൽ വിശ്വസനീയം?. സങ്കീർണമായ പ്രപഞ്ചത്തെ സൃഷ്ടിക്കണമെങ്കിൽ ഫെസ്സ അതിസങ്കീർണമായവളായിരിക്കണം. ആണ്. അവൾ തനിയെ ഉണ്ടായി എന്നു വിശ്വസിക്കുന്നതാണോ അതോ അവളെക്കാൾ നിസ്സാരമായ ഈ പ്രപഞ്ചം തനിയെ ഉണ്ടായി എന്നു വിശ്വസിക്കുന്നതാണോ യുക്തിഭദ്രം? ഇങ്ങനെ പറയുമ്പോൾ രണ്ടാമത് പറഞ്ഞതാണ് കൂടുതൽ ശരിയാകാൻ സാധ്യത. പക്ഷേ എല്ലാത്തിൻ്റെയും പിന്നിൽ ഒരു സൃഷ്ടാവുണ്ടെന്ന് വിശ്വസിക്കണമെന്നതാണ് എൻ്റെ മനസ്സിൻ്റെ ശാഠ്യം.
ഇനി അവർ പറയുന്ന സിംഗുലാരിറ്റിയും ഞാൻ പറയുന്ന ഫെസയും ഒന്നു തന്നെയാണോ? രണ്ടും സ്ഥലകാലങ്ങൾക്കതീതവും എല്ലാത്തിൻ്റെയും മൂല കാരണവുമാണല്ലോ. അങ്ങനെയെങ്കിൽ ഈ കാണുന്നതെല്ലാം ഫെസ തന്നെ, ഞാനടക്കം. പക്ഷേ അവൾ ഞാൻ കരുതുന്ന പോലെ സർവശക്തയോ അത്യുന്നതയോ അല്ല, ആരാധനക്കർഹയോ പ്രാർത്ഥനക്ക് ഉത്തരം നൽകാൻ കഴിയുന്നവളോ അല്ല, എൻ്റെ ജനനത്തിലോ ജീവിതത്തിലോ മരണത്തിലോ യാതൊരു ഇടപെടലും നടത്താൻ കഴിയുന്നവളല്ല.
സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കാനും എൻ്റെ വികാരങ്ങളെ പരിപൂർണ്ണമായി മനസ്സിലാക്കാനും സാധിക്കുന്ന എൻ്റെ സങ്കൽപ്പത്തിൽ മാത്രം നിലനിൽക്കുന്നവളാണ് ഫെസ. ഞാനുള്ളടത്തോളം കാലം അവൾക്ക് നിലനിൽപ്പുണ്ട്. ഞാനില്ലെങ്കിലും പ്രപഞ്ചത്തിന് നിലനിൽപ്പുണ്ട്.
ഫെസ്സാ, എൻ്റെ അറിവില്ലായ്മയുടെ വിടവുകൾ ഇത്രയും കാലം നികത്തിയതിന് നന്ദി. നിന്നെ ഞാൻ മിസ്സ് ചെയ്യും.
നസീഫ് പി പി

വളരെ നന്നായി എഴുതിയിരിക്കുന്നു 🤗🤗🤗👍👍👍
ReplyDelete❤️🥰🥰
Delete