Skip to main content

Book review : Kapalam by Dr. B Umadathan

Kapalam malayalam book by Dr. B Umadathan cover page.


കപാലം (Dr. B Umadathan)
Book review : Kapalam by Dr. B Umadathan

പോലീസ് സർജൻ ആയ ഡോ. ഉണ്ണികൃഷ്ണനും അദ്ദേഹത്തിന്റെ സുഹൃത്തായ ഇൻസ്‌പെക്ടർ ഹരികുമാറിനും ഭാഗമാകേണ്ടി വരുന്ന പതിനഞ്ചു കേസുകളും അതിന്റെ അന്വേഷണങ്ങളും വിശകലനങ്ങളും അടങ്ങിയതാണ് ഡോ. ബി ഉമാദത്തൻറെ Crime, Mystery, Investigation വിഭാഗത്തിൽ പെടുത്തതാവുന്ന ‘കപാലം’. ചീഫ് കെമിക്കൽ എക്‌സാമിനർ ആയി ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന്റെ ഭാര്യയായ മണിയും ചില കേസുകളുടെ അന്വേഷണത്തിൽ ഭാഗമായി വരുന്നുണ്ട്.

ഓരോ കേസും ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്നതാണ് ഇതിന്റെ പ്രധാന പോസിറ്റീവ് ആയി തോന്നിയ ഒരു കാര്യം. പതിനഞ്ചു മരണങ്ങളും സംഭവിച്ചിരിക്കുന്നത് പതിനഞ്ചു രീതിയിലാണ്. ആത്മഹത്യകളുണ്ട് കൊലപാതകങ്ങളുണ്ട് യാദൃച്ഛികമായി സംഭവിച്ച അപകടങ്ങളുമുണ്ട്. അവയിൽ തന്നെ തൂങ്ങി മരണമുണ്ട്‌, മുങ്ങി മരണമുണ്ട്‌, വിഷം കൊടുത്തു കൊണ്ട് കൊലപ്പെടുത്തിയതുണ്ട്, ആയുധമുപയോഗിച്ച് ചെയ്തവയുണ്ട്, ശ്വാസം മുട്ടിച്ചു കോല ചെയ്തതുണ്ട്.

ആദ്യത്തെ രണ്ടു മൂന്നു അധ്യായങ്ങൾ കഴിയുമ്പോൾ തന്നെ അന്വേഷണത്തിന്റെ ഒരു രീതിശാസ്ത്രം നമ്മുക്ക് മനസിലാകും. എന്നാൽ ഓരോന്നും വ്യത്യസ്തമായത് കൊണ്ട് തന്നെ അത് അന്വേഷണത്തിൽ വരുത്തുന്ന മാറ്റങ്ങളെയും നമ്മുക്ക് ഇതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്.


ഓരോ അധ്യായങ്ങളും ഓരോ കഥ പോലെയാണ് അവതരിപ്പിച്ചിട്ടുള്ളത്. കേവലം അന്വേഷണത്തിൽ ഒതുക്കാതെ വിക്ടിമിന്റെ ജീവിതത്തിലേക്ക് കൂടി പുസ്തകം കടന്നു ചെല്ലുന്നുണ്ട്. അത് ചില കഥാപാത്രങ്ങളെ വായനക്കാരുമായി അടുപ്പിക്കുന്നുമുണ്ട്. എന്നാൽ തുടക്കം മുതൽ തന്നെ ഇയാൾ മരിക്കാൻ പോകുകയാണെന്നുള്ള തിരിച്ചറിവ് അതിനെ വല്ലാതെ ഫലപ്രദമാക്കുന്നുമില്ല.


ഇതിൽ അന്വേഷകർക്കിടയിൽ നടക്കുന്ന ചെറിയ ചെറിയ മുഹൂർത്തങ്ങൾ ഇടയ്ക്കിടെ പ്രതിപാദിക്കുന്നുണ്ട്. അവർ ഭക്ഷണം കഴിക്കുന്നതും പരസ്പരം സൊറ പറയുന്നതും ചളിയടിക്കുന്നതുമൊക്കെ. ഒരു പക്ഷെ ഒരു പൂർണതക്ക് വേണ്ടി ചെയ്തതാണെങ്കിലും ഒരു കുറ്റാന്വേഷണ കഥയിൽ അതെനിക്കൊരു ലാഗ് ആയാണ് അനുഭവപ്പെട്ടത്. അന്വേഷണത്തിന്റെ ആകാംഷയിൽ നിൽക്കുമ്പോൾ, ഉണ്ണികൃഷ്ണൻ കഴിച്ച പഴംപൊരിയുടെ കാര്യവും ഹരികുമാറിന്റെ സിഗരറ്റ് വലിയുടെ കാര്യവും പറയുന്നത് വായനയുടെ ഫ്ലോ നഷ്ടപ്പെടുത്തിയതായാണ് തോന്നിയത്.


Kapalam malayalam book by Dr. B Umadathan back cover
പുസ്തകത്തിന്റെ പ്രധാന ആകർഷണം ഓരോ കേസിലേയും ഡീറ്റൈലിംഗ് തന്നെയാണ്. വിക്ടിമിന്റെ ബോഡിയിൽ നിന്നും പരിസരത്തു നിന്നും ലഭിക്കുന്ന തെളിവുകളും ചെറുതെന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളും അതിന്റെ പ്രാധാന്യവുമെല്ലാം നന്നായി വ്യക്തമാക്കി തരുന്നുണ്ട്. തുടർന്ന് അവരുടെ ജീവിത സാഹചര്യങ്ങളും രീതികളും, അതിലൂടെ പടിപടിയായി കുറ്റവാളിയിലേക്കെത്തുന്നതുമെല്ലാം വളരേ വിശദമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ അധ്യായങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകളും ചെറുതല്ല.


ഇതേ എഴുത്തുകാരന്റെ തന്നെ “ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പ്” എന്ന പുസ്തകം വായിച്ച ശേഷമാണ് ഞാനിത് വായിക്കുന്നത്. രണ്ടും വായിച്ചപ്പോൾ മനസിലായത് പരസ്പരം compare ചെയ്യാൻ പറ്റുന്നവയല്ലെന്നാണ്. രണ്ടും രണ്ടു രീതിയിൽ നോക്കിക്കാണേണ്ടവയാണ്. “ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പ്” വായിച്ചവർക്ക് ഒരുപക്ഷെ “കപാലത്തിന്റെ” ആഖ്യാന രീതി രസകരമായി തോന്നണമെന്നില്ല. എങ്കിലും രണ്ടിനെയും വെവ്വേറെയായി നോക്കുമ്പോൾ കപാലം ഒരു നല്ല സൃഷ്ടി തന്നെയാണ്. ആദ്യം കപാലം വായിച്ച ശേഷം പോലീസ് സർജന്റെ ഓർമ്മക്കുറിപ്പ് വായിക്കുകയാണെങ്കിൽ രണ്ടു പുസ്തകവും ഒരുപോലെ ആസ്വാദ്യകരമായിരിക്കും എന്നാണെനിക്ക് തോന്നുന്നത്. പതിനഞ്ചു അധ്യായങ്ങളും വായിച്ച്‌ കഴിഞ്ഞപ്പോൾ രണ്ടു മൂന്നു കഥകൾ കൂടി ആകാമായിരുന്നു എന്നു തോന്നി.


കുറ്റാന്വേഷണത്തോടും മിസ്റ്ററിയോടും താല്പര്യമുള്ളവർക്ക് കപാലം എന്തായാലും ഇഷ്ടപ്പെടും. ഏവർക്കും ഉദ്വേഗജനകമായ ഒരു വായനാനുഭവം നേരുന്നു.


നന്ദി.








#bookreview #malayalambookreview #malayalambooks

#crime #mystery #investigation

#kapalam #umadathan #orupolicesurgeonteormakurippukal

Comments

Post a Comment