Skip to main content

അത് പറയാൻ നീയാരാടാ?

A man pointing his right forefinger to the camera.

അത് പറയാൻ നീയാരാടാ? (Ad hominem)

നമ്മൾ ഒരുപാട് തവണ കേട്ടിട്ടുള്ളതും, പലപ്പോഴും നമ്മൾ തന്നെ ഉപയോഗിച്ചിട്ടുള്ളതുമായ ഒരു യുക്തി വൈകല്യമാണിത്. ഒരു വ്യക്തി ഉന്നയിച്ച വാദത്തിന് മറുപടി കൊടുക്കുന്നതിന് പകരം ആ വ്യക്തിയെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തുകൊണ്ട് അയാളുടെ വാദത്തെ വിലകുറച്ചു കാണിക്കുന്ന രീതിയാണിത്. പറയുന്ന വ്യക്തി ഏതു തരത്തിലുള്ള ആളായാലും പറയുന്ന ആശയത്തിനാണ് മറുപടി കൊടുക്കേണ്ടത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.


Ad hominem examples :–


ഒരിക്കൽ നടന്ന ഒരു ചാനൽ ചർച്ചയിൽ ഒരു യുക്തിവാദി പറഞ്ഞ വാദത്തിന് മറുപക്ഷത്തുള്ള ആൾ മറുപടി പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്, 

"കേരളത്തിൽ സിംഹവാലൻ കുരങ്ങുകളെക്കാൾ എണ്ണത്തിൽ കുറവാണ് യുക്തിവാദികൾ....”

എണ്ണത്തിലുള്ള കുറവും കൂടുതലും ഒരാൾ പറയുന്ന കാര്യത്തിലെ ശരിതെറ്റുകളിൽ മാറ്റം വരുത്തില്ല എന്നിരിക്കെ ഒരു വിഭാഗത്തെ മുഴുവൻ അധിക്ഷേപിക്കുകയാണിവിടെ ചെയ്യുന്നത്.


“മദ്യവിരുദ്ധ സമരം നടത്തിയ നേതാവ് വരെ ലിവർ സിറോസിസ് വന്നു മരിച്ച നാടാണിത്"

ഇവിടെ പറയാനുദ്ദേശിക്കുന്ന കാര്യം മറ്റൊന്നാണെങ്കിലും ഇതിൽ ഒളിഞ്ഞിരിക്കുന്ന യുക്തിരാഹിത്യം മനസ്സിലായിക്കാണുമല്ലോ.


ഇനി സ്ഥിരമായി സിനിമാ നിരൂപകരുടെയും വിമർശകരുടെയും പോസ്റ്റിന്റെ താഴേ കാണുന്ന വാക്കുകൾ നോക്കാം,

“എന്നാൽ പിന്നെ നീയൊരു സിനിമയെടുത്ത് കാണിക്ക്‌"

ഒരാൾക്ക് മറ്റൊരാളെ ഉപദേശിക്കണമെങ്കിൽ ഉപദേശിക്കുന്നവൻ എല്ലാം തികഞ്ഞ ആളായിരിക്കണം എന്നൊരു നിർബന്ധബുദ്ധി നമ്മുക്കിടയിലുണ്ട്. അതിൽ യാതൊരു കഴമ്പുമില്ല എന്നതാണ് വാസ്തവം. ഒരു മിസ്റ്റർ പെർഫെക്റ്റ് അല്ലാത്ത ആളിനും മറ്റൊരാളെ ഉപദേശിക്കുകയും വിമർശിക്കുകയും ചെയ്യാമല്ലോ.


"ഇന്നീ കാലു കാണിച്ച് പ്രതിഷേധിക്കുന്നവരോക്കെ കഴിഞ്ഞയാഴ്‌ച്ച ഒരു പാവം പെൺകുട്ടി ആത്മഹത്യ ചെയ്തപ്പോൾ എവിടെയായിരുന്നു"

ഇതുവരെ നടന്ന എല്ലാ കാര്യങ്ങളിലും പ്രതികരിച്ച ആൾക്ക് മാത്രമേ ഇനിയങ്ങോട്ടുള്ള കാര്യങ്ങളിലും പ്രതികരിക്കാൻ അവകാശമൊള്ളൂ എന്ന് പറയുന്നത് എത്രത്തോളം യുക്തിരഹിതമാണെന്ന് ആർക്കും മനസ്സിലാവുന്നതാണല്ലോ.



അപ്പൊൾ നീയോ? (Tu quoque)


പേരിൽ നിന്ന് തന്നെ വ്യക്തമായിക്കാണും. ഇങ്ങോട്ട് ഒരാൾ കുറ്റപ്പെടുത്തിയാൽ, മറുപടി പറയുന്നതിന് പകരം നീയും അങ്ങനെ ചെയ്തിട്ടില്ലേ എന്ന് പറയുന്ന രീതി. സിനിമാ താരങ്ങളുടെ ആരാധകർക്കിടയിൽ സുലഭമായി കാണാവുന്ന ന്യായവൈകല്യമാണിത്. ഓടിയനെ പറ്റി പറയുമ്പോൾ തിരിച്ച് മാമാങ്കത്തെ പറ്റി പറയുക, അപ്പൊൾ തിരിച്ച് ഇട്ടിമാണിയെ പറ്റി പറയുക, അങ്ങനെ അങ്ങനെ.

പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന ചർച്ചകൾ വാക്കുതർക്കത്തിലോ കയ്യാങ്കളിയിലോ മാത്രമേ അവസാനിക്കൂ. കേൾക്കുന്നവർക്ക് ഒരു തീരുമാനത്തിലെത്താൻ കഴിയുകയുമില്ല.


ഞാൻ മാത്രമല്ല, അവരും…


മേൽപറഞ്ഞതിന്റെ ഗണത്തിൽ പെടുത്താവുന്ന ഒന്നാണിതും. കുറ്റപ്പെടുത്തുമ്പോൾ, സമാന പ്രവർത്തി മറ്റുള്ളവരും ചെയ്യാറുണ്ടല്ലോ എന്ന് പറയുന്ന രീതി.


"അതെന്താ, ഡിവൈഎഫ്ഐ ക്കാർക്ക് മാത്രമേ പീഡിപ്പിക്കാൻ പാടൊള്ളോ"


"തട്ടിപ്പ് ഇവിടെ മാത്രമല്ലല്ലോ, രാഷ്ട്രീയത്തിൽ തട്ടിപ്പില്ലെ, വിദ്യാലയങ്ങളിൽ തട്ടിപ്പില്ലേ, ആശുപത്രികളിൽ തട്ടിപ്പില്ലെ."


ഇനി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരാളെ കൂടി പരിചയപ്പെടുത്താം.


അതാ അങ്ങോട്ട് നോക്കൂ. (Red herring)


Red herring എന്നാൽ ചുവന്ന മത്തി എന്നാണ് അക്ഷരാർത്ഥം. പണ്ടൊരു കർഷകൻ, തന്റെ മുയലിന്റെ പിന്നാലെ പായുന്ന ചെന്നായയുടെ ശ്രദ്ധ മാറ്റാൻ വേണ്ടി അതീവ ഗന്ധമുള്ള ഒരു മത്സ്യത്തെ അതിന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്ത ഒരു കഥയിൽ നിന്നാണ് വാക്കിന്റെ ഉൽഭവം. എളുപ്പത്തിൽ പറഞ്ഞാൽ, വിഷയം മാറ്റുക എന്ന്. മലയാളികളുടെ പൊതു സവിശേഷതയായി മലയാളികൾ തന്നെ അംഗീകരിച്ച കാര്യമായതിനാൽ ഉദാഹരണം നിരത്താൻ ഞാൻ മെനെക്കെടുന്നില്ല.

മേൽപറഞ്ഞ യുക്തിവൈകല്യങ്ങളോട് ചേർത്തു വായിക്കാവുന്നതു തന്നെയാണിതും. ആശയത്തിന് മറുപടി പറയുന്നതിന് പകരം മറ്റെന്തെങ്കിലും പറയുന്ന രീതിയാണ് ഇവയിലെല്ലാം പൊതുവായിട്ടുള്ളത്.


മേൽപറഞ്ഞ യുക്തിവൈകല്യങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന, നിങ്ങളുടെ അനുഭവത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ താഴേ ചേർക്കുമല്ലോ.


നസീഫ്‌ പി പി.


Comments

  1. ഒന്നു കൂടി വ്യക്തതയിൽ പറയാമായിരുന്നു . എല്ലാവർക്കും ഇത് ഒരു പോലെ മനസ്സിലാവണം എന്നില്ല അതി കൊണ്ട് വാക്കുകളുടെ കനം കുറച്ചു വളരെ ലളിതമായ രീതിയിൽ പ്രസിദ്ധീകരിക്കാൻ ശ്രമിക്കൂ
    ശുഭ ദിനം

    ReplyDelete
    Replies
    1. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി.❤️

      Delete

Post a Comment