നമ്മൾ പലപ്പോഴായി പലതരം ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെട്ടിട്ടുള്ളവരാണ്. നിരന്തരമായി വാർത്താ മാധ്യമങ്ങളിലൂടെ പലതരം ചർച്ചകൾ കാണുന്നവരാണ്. പക്ഷേ, നമ്മൾ ഏർപ്പെട്ടിട്ടുള്ളതോ കണ്ടതോ ആയ ചർച്ചകളിൽ ഭൂരിഭാഗവും ശരിയായ രീതിയിലായിരിക്കില്ല അവസാനിച്ചിട്ടുണ്ടാവുക. ശെരിക്കും ഒരു തീരുമാനത്തിലെത്താൻ കഴിയാത്ത രീതിയിലായിരിക്കും ചർച്ച പുരോഗമിച്ചിട്ടുണ്ടാവുക. രണ്ട് വ്യത്യസ്ത ആശയങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന ചർച്ചകൾ അവസാനിക്കുമ്പോഴേക്കും രണ്ടിൽ ഏതാണ് ശരി അല്ലെങ്കിൽ ഏതാണ് കൂടുതൽ ശരി എന്നൊരു ധാരണ വന്നിരിക്കണം. പക്ഷേ പലപ്പോഴും അതിന് പറ്റാത്തതിന്റെ കാരണം എന്തായിരിക്കും?.
പ്രധാനമായും എല്ലാ ചർച്ചകളിലും ധാരാളം യുക്തിസഹമായ വീഴ്ചകൾ സംഭവിക്കാറുണ്ട്. അത്തരം വീഴ്ചകളെ തൽക്കാലം കുയുക്തി എന്ന് വിളിക്കാം. അവയിൽ ഏറ്റവും പ്രധാനിയാണ് വൈക്കോൽ മനുഷ്യൻ (Straw man). ഒരു വൈക്കോൽ മനുഷ്യന്റെ രൂപമുണ്ടാക്കി അതിനെ ആക്രമിച്ചു കൊണ്ടാണല്ലോ പണ്ടുള്ളവർ ആയോധന കലകൾ പരിശീലിച്ചിരുന്നത്. ഈ വാക്കിൻറെ ഉറവിടവും അവിടെ നിന്നു തന്നെ. കീഴ്പ്പെടുത്താൻ ഏറ്റവും എളുപ്പമുള്ള എതിരാളി എന്ന അർത്ഥത്തിലാണ് വൈക്കോൽ മനുഷ്യനെ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
ചർച്ചകളിൽ, ഒരാളുന്നയിക്കുന്ന വാദത്തെ എതിർക്കാൻ കഴിയാതെ വരുമ്പോൾ, ആ വാദത്തെ വളച്ചൊടിച്ചുകൊണ്ടു എതിർക്കാൻ എളുപ്പമുള്ളതാക്കിയ ശേഷം അതിനെ എതിർക്കുന്ന രീതിയാണിത്.
ചില ഉദാഹരണങ്ങൾ :–
“ശാസ്ത്രീയ ഗവേഷണങ്ങളിൽ നമ്മുടെ രാജ്യം കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട്”
“നമ്മുടെ രാജ്യത്തെ പാവങ്ങൾ പട്ടിണി കിടന്നു മരിച്ചോട്ടെ എന്നാണോ താങ്കൾ പറയുന്നത്”
“പട്ടാളക്കാരെ അമിതമായി ബഹുമാനിക്കേണ്ടതില്ല എന്ന് പറയുന്നതിലൂടെ നമ്മുടെ രാജ്യത്തിന്റെ സുരക്ഷക്ക് ഇദ്ദേഹം യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്”
“ദൈവത്തിനോട് പ്രാർത്ഥിക്കാൻ എന്തിനാണോരു മധ്യസ്ഥന്റെ ആവശ്യം”
“കേട്ടില്ലേ, പുരോഹിതന്മാരെല്ലാം തട്ടിപ്പുകാരാണെന്ന്”
തെന്നുന്ന ചരിവ്
ഇതിനോട് ചേർത്തു വായിക്കാവുന്ന മറ്റൊരു കുയുക്തിയാണ് തെന്നുന്ന ചരിവ് (Slippery slope). ഒരിടത്ത് നിന്ന് വഴുക്കിത്തുടങ്ങിയാൽ പിന്നെ താഴെ എത്തിയിട്ടേ നിൽക്കൂ എന്നർത്ഥം.
ചർച്ചയിൽ വരുമ്പോൾ, ഒരു കാര്യം സംഭവിച്ചാൽ പിന്നെ അത് ഒരുപാട് കാര്യങ്ങൾക്ക് വഴി തെളിക്കുമെന്നും ഒടുവിൽ ഒരു എമണ്ടൻ കാര്യത്തിലേ അത് ചെന്നവസാനിക്കൂ, എന്ന് പറയുന്നതിനെ സൂചിപ്പിക്കുന്നു.
ഉദാഹരണം,
“ഇന്നു നമ്മൾ സ്ത്രീകൾക്ക് വസ്ത്ര സ്വാതന്ത്ര്യം അനുവദിച്ചാൽ നാളെ അവർ വിവസ്ത്രരായി നടക്കാൻ തുടങ്ങും”
വിദൂര സാധ്യത പോലുമില്ലാത്തൊരു കാര്യത്തെ പെരുപ്പിച്ചു കാണിക്കുന്ന രീതിയാണിത്.
മഹേഷിന്റെ പ്രതികാരത്തിൽ ക്രിസ്പിൻ മഹേഷിനോട് പറയുന്ന കിരീടം റഫറൻസ് ഡയലോഗ് ഇതിനുള്ള മികച്ച ഒരുദാഹരണമാണ്.
മറ്റു ചില ഉദാഹരണങ്ങൾ :–
“അഭയാർത്ഥികളെ നമ്മുടെ രാജ്യത്തേക്ക് വരാനനുവദിച്ചാൽ, നാളെ അവർ നമ്മളെ ആക്രമിച്ച് ഇവിടെ ആധിപത്യം സ്ഥാപിക്കും”
“കുട്ടികളെ തല്ലാതെ വളർത്തിയാൽ പിന്നീട് നാട്ടുകാർ അവരെ തല്ലേണ്ട അവസ്ഥയുണ്ടാകും”
“തുടർച്ചയായ ഇയർ ഫോണിന്റെ ഉപയോഗം മസ്തിഷ്ക്ക്കാർബുദ്ദം വരേ ഉണ്ടാക്കാൻ സാധ്യതയുണ്ട്”
നിങ്ങളുടെ ശ്രദ്ധയിൽ പെട്ട ഇത്തരം ഉദാഹരണങ്ങൾ താഴേ രേഖപ്പെടുത്തുമല്ലോ
സ്നേഹത്തോടെ,
നസീഫ് പി പി.

Comments
Post a Comment