എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി Sapiens, Cosmos എന്നീ പുസ്തകങ്ങളെ പറ്റി കേൾക്കുന്നത്. ബർമുഡ ട്രയാങ്കളിനെ പറ്റിയും ഭൂമിയിൽ ഗ്രാവിറ്റി മേലോട്ടുള്ള സ്ഥലങ്ങളെ പറ്റിയും തുടങ്ങിയ ചർച്ച നമ്മൾ ഒരു കൂട്ടം സുഹൃത്തുക്കളെ ശാസ്ത്രത്തിലും ചരിത്രത്തിലും തൽപരരാക്കി. അതിൽ ഒരു സുഹൃത്ത് വഴിയാണ് ഈ രണ്ട് പുസ്തകങ്ങളെ പറ്റി അറിഞ്ഞത്. ലോകത്ത് ഇറങ്ങിയ പുസ്തകങ്ങളിൽ വച്ച് ഏറ്റവും മികച്ചതാണെന്നും തീർച്ചയായും വായിച്ചിരിക്കേണ്ടതാണെന്നും അവൻ പറഞ്ഞപ്പോൾ നമ്മളെല്ലാവര്‍ക്കും അത് വായിക്കാനുള്ള താൽപര്യം വളരെ വലുതായി.
കുറച്ച് വായനാശീലം ആദ്യമേയുണ്ടായത് കൊണ്ട് ഞാൻ അത് വാങ്ങിയേ തീരൂ എന്ന് മനസ്സിലുറപ്പിച്ചു. എന്റേതായ രീതിയിൽ അന്വേഷണം നടത്തി അത് കണ്ട് പിടിച്ചു. പക്ഷേ, നാനൂറും അഞ്ഞൂറുമൊക്കെയാണ് അതിന്റെ വിലയെന്നു കേട്ടപ്പോൾ നിരാശയായി. അന്ന് സ്ഥിരമായി വാങ്ങിയിരുന്ന ബാലഭൂമിയുടെ വില എട്ടിൽ നിന്ന് പത്തിലേക്കും പിന്നെ പന്ത്രണ്ടിലേക്കും കൂടിയതറിഞ്ഞപ്പോൾ ഇഷ്ടപ്പെടാഞ്ഞ എനിക്ക്, ആ രണ്ട് പുസ്തകങ്ങൾ കയ്യെത്തും ദൂരത്തിന്റെ ആപ്പുറത്തിരുന്ന് എന്നെ നോക്കി ചിരിക്കുന്ന രണ്ട് രത്നങ്ങളായിരുന്നു.
അങ്ങനെ കുറച്ച് കാലം കഴിഞ്ഞ് ഒരു പ്ലസ് വൺ പ്ലസ് ടൂ സമയത്താണ് സ്മാർട്ട് ഫോൺ കയ്യിൽ കിട്ടുന്നത്. അപ്പൊൾ ആദ്യം തിരഞ്ഞതും ഇവരെയാണ്. കുറച്ച് തപ്പിയപ്പോൾ രണ്ടിന്റെയും PDF ഫയൽ കിട്ടി. സാപിയൻസിന്റെ കാര്യത്തിൽ ഒരമളി പറ്റി. അതിലെ അക്ഷരങ്ങളോക്കെ ഇംഗ്ലീഷ് തന്നെയാണ്, കൂട്ടി വായിക്കാനും പറ്റുന്നുണ്ട്. പക്ഷേ ഭാഷ മറ്റെന്തോ ആണ്. പിന്നെ കോസ്മോസ്, അതിന്റെ ഭാഷ ഇംഗ്ലീഷ് തന്നെ. പക്ഷേ വായിച്ചിട്ടൊന്നും മനസ്സിലാവുന്നില്ല. ഞാൻ ഉദ്ദേശിച്ചതിനേക്കാൾ കടുകട്ടി ഇംഗ്ലീഷ് ആയിരുന്നു. അങ്ങനെ ആ ഉദ്യമം അവിടെ അവസാനിച്ചു. പിന്നെ വായനാശീലവും പതിയെ കുറഞ്ഞുവന്നു.
അങ്ങനെ ഈ അടുത്ത കാലത്താണ് The Mallu Analyst എന്ന You tube ചാനലിന്റെ കമ്മ്യൂണിറ്റി പോസ്റ്റിൽ നിന്ന് കോസ്മോസിന്റെ മലയാളവിവർത്തനം ഇറങ്ങിയിട്ടുണ്ടെന്നറിഞ്ഞത്. അപ്പൊൾ തന്നെ വാങ്ങാനുറപ്പിച്ചു (ഇന്നും നാനൂറും അഞ്ഞൂറും വലിയ സംഖ്യകൾ തന്നെ, പക്ഷേ കയ്യെത്തും ദൂരത്താണ്). The Mallu Analyst ന്റേ അവതാരകനും സ്ക്രിപ്റ്റ് എഴുത്തുകാരിൽ ഒരാളുമായ ഡോ. വിവേക് പൂന്തിയിൽ ആണ് വിവർത്തനം ചെയ്തിരിക്കുന്നത്. പൈസ കയ്യിൽ വന്നപ്പോൾ തന്നെ ഓർഡർ ചെയ്തു. അക്ഷമയോടെ അഞ്ചു ദിനങ്ങൾ.
അക്ഷമ താങ്ങാനാവാതെ വന്നപ്പോൾ ഞാൻ സപിയൻസിനെ ഒന്നുകൂടി തിരഞ്ഞു. ഗൂഗിൾ ബുക്‌സിൽ അതിനെ കണ്ടെത്തി. ഇത്തവണ അത് ഇംഗ്ലീഷ് തന്നെയെന്ന് ഉറപ്പു വരുത്തി, വായിച്ചിട്ട് മനസ്സിലാകുന്നുണ്ടെന്നും. കഴിഞ്ഞ തവണത്തെ പോലെ അബദ്ധം പറ്റാൻ പാടില്ലല്ലോ. പൈസ കൊടുത്തുള്ള പരിപാടിയല്ലേ.
ഒടുവിൽ കോസ്മൊസും വന്നെത്തി. വളരേ കാലത്തിനു ശേഷം പുതിയ പുസ്തകത്തിന്റെ ഗന്ധം ഞാൻ ആസ്വദിച്ചു. ആരോ പറഞ്ഞ പോലെ തലച്ചോറിന് നല്ല കിക്ക് കിട്ടി. എന്തായാലും ഇപ്പൊ രണ്ടാളും എന്റെ കയ്യിലുണ്ട്. ആദ്യം ഏത് വായിക്കും?. വിശന്നിരിക്കുമ്പോൾ നമ്മുടെ മുന്നിൽ ഒരേ സമയം ചിക്കൻ ബിരിയാണിയും ബീഫ് ബിരിയാണിയും കിട്ടിയാൽ എന്ത് ചെയ്യും?. ആദ്യം രണ്ടിൽ നിന്നും കുറച്ച് രുചിച്ച് നോക്കും. എന്നിട്ട് രുചി കൂടിയതിൽ നിന്ന് കുറേ കഴിക്കും, അല്ലേ?. അതുപോലെ ഞാനും രണ്ടു പുസ്തകത്തിന്റെയും ഓരോ അദ്ധ്യായം വീതം വായിച്ചു. കൂടുതൽ രസകരമായി തോന്നിയത് സപിയൻസാണ്.
പ്രപഞ്ചം ഇല്ലാതെ എന്ത് മനുഷ്യൻ അല്ലേ, അങ്ങനെ നോക്കുമ്പോ ആദ്യം കോസ്മോസ് വായിക്കാം. അതിന് കോസ്‌മോസ് പ്രപഞ്ചോൽപ്പത്തി മാത്രമല്ല, ഒരുപാട് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നു തോന്നുന്നു. എന്തായാലും ഞാനിപ്പോൾ സാപിയെൻസ് വായിച്ചുകൊണ്ടിരിക്കുന്നു. രണ്ടും വായിച്ചു തീർത്തിട്ട് അഭിപ്രായം പറയാം.
സ്നേഹത്തോടെ,
നസീഫ് പി പി.
Cosmos by Carl Sagan (വിവർത്തനം) :-

Comments
Post a Comment