Skip to main content

നീയും ഞാനും

ആരാണ് നീ?

ഒരു ചോദ്യ ചിഹ്നത്തിന് മുന്നിൽ അന്തം വിട്ടു നിൽക്കുന്ന ഒരു മനുഷ്യ രൂപം.

ആരാണ് നീ?, മുൻനിരയിൽ ഇരിക്കുന്ന ഒരു വിദ്യാർത്ഥിയോട് മോട്ടിവേഷണൽ സ്പീക്കർ ചോദിച്ചു. പ്രതീക്ഷിക്കാതെയുള്ള ചോദ്യമായിരുന്നെങ്കിലും ആ ചോദ്യത്തിനോട് ഒട്ടും ആലോചിക്കാതെ തന്നെ പറയാനുള്ള ഉത്തരം നമ്മുടെ കയ്യിലുണ്ട്. നമ്മുടെ പേരു തന്നെ. ആ വിദ്യാർത്ഥി മറുപടിയായി പറഞ്ഞതും അവന്റെ
പേരാണ്. പക്ഷെ ചോദ്യകർത്താവിന് തൃപ്തിയായില്ല. ആ പേരുള്ള വേറെയും ആളുകളുണ്ട്, അവരെല്ലാം നീയാണോ? ഞാൻ ചോദിച്ചത് നീയാരാണെന്നാണ്.
ചോദ്യകർത്താവ് എന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി.
"ഞാനൊരു മനുഷ്യനാണ്", വിദ്യാർത്ഥി മറുപടി പറഞ്ഞു.
"ഇവിടെ ഇരിക്കുന്നവരെല്ലാം മനുഷ്യർ തന്നെയാണ്. എന്റെ ചോദ്യം നീ ആരാണെന്നാണ്".
വിദ്യാർത്ഥി അല്പമൊന്ന് ആലോചിച്ചു. ഈ കാണുന്നതാണ് ഞാൻ. എന്റെ മുഖം, കൈകാലുകൾ, ശരീരം, മനസ്സ്, എല്ലാം ചേർന്നതാണ് ഞാൻ. ചോദ്യകർത്തവ് അതുകൊണ്ടൊന്നും തൃപ്തനാവില്ലെന്ന് എല്ലാവർക്കും തോന്നി. നിന്റെ കൈകൾ നഷ്ടപ്പെട്ടാൽ, അല്ലെങ്കിൽ സർജറി ചെയ്ത് നിന്റെ മുഖഛായ മാറ്റിയാൽ നീ നീയല്ലാതെയാവുമോ?.

സദസ്സിലുള്ള എല്ലാവരും കൃത്യതയാർന്ന ഒരുത്തരം തിരയാൻ തുടങ്ങി. മറ്റുള്ളവരിൽ നിന്ന് എന്നെ വ്യത്യസ്തനാക്കുന്ന ഘടകം എന്താണ്. എന്റെ സ്വഭാവമാണോ, അല്ല. ഇതേ സ്വഭാവമുള്ള വേറെ എത്ര പേരുണ്ടാകും. ഇനി എന്റെ ഡി എൻ എ ആണോ, അത് വേറെ ആർക്കും ഉണ്ടാകില്ലല്ലോ. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത ആളിൽ രണ്ടു തരം ഡി എൻ എ ഉണ്ടാകുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. അപ്പോഴും ആ വ്യക്തി പഴയ ആൾ തന്നെ. ഇതിന് ഒറ്റവാക്കിൽ ഒരുത്തരമുണ്ടോ. പലപല കാര്യങ്ങൾ ഒരു പ്രത്യേക ആനുപാതത്തിൽ കൂടിച്ചേരുമ്പോഴാണോ ഞാനെന്ന വ്യക്തിയുണ്ടാകുന്നത്. ആരാണ് ശരിക്കും ഞാൻ?
കൂടുതൽ ആലോചിച്ചു തല പുണ്ണാക്കേണ്ടി വന്നില്ല. അദ്ദേഹം തന്നെ മറുപടി പറഞ്ഞു, ഓർമ്മകൾ. നിന്റെ ഓർമകളാണ് നിന്നെ നിർവചിക്കുന്നത്. അത് നിനക്ക് മാത്രമായിട്ടുള്ളതാണ്. ഈ ലോകത്ത് എന്റേതെന്ന് പൂർണ ആത്മവിശ്വാസത്തോടെ പറയാൻ പറ്റുന്ന ഏക കാര്യം എന്റെ ഓർമകളാണ്. നീ എന്നാൽ നിന്റെ ഓർമകളാണ്.

ഓർമ്മകൾ മാത്രമോ?

പക്ഷേ ഞാനതുകൊണ്ടൊന്നും തൃപ്തനായില്ല. ഒരാളുടെ ഓർമകൾ പൂർണമായി നഷ്ടപ്പെട്ടാൽ ആ വ്യക്തി ഇല്ലാതാകുമോ? അതേയെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈയടുത്തിടെ ഇതേ ആശയമുള്ള ഒരു തമിഴ് സിനിമയും കാണാനിടയായി. ഒരു വ്യക്തിയുടെ ഓർമ്മകൾ മുഴുവൻ മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യുന്നു. അതോടെ അയാൾ ആ വ്യക്തിയായി മാറുന്നു. അയാളുടെ അതേ ഓർമ്മകൾ, അതേ സ്വഭാവം, അതേ വികാരവിചാരങ്ങൾ. ശരീരം മാറി എന്ന് മാത്രം. പക്ഷെ എനിക്കാ ആശയത്തിൽ എന്തൊക്കെയോ അപാകത തോന്നി. എന്റെ ഓർമ്മകൾ പരിപൂർണമായി ഇല്ലാതാക്കി മറ്റൊരാളുടെ ഓർമ്മകൾ എന്നിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടാലും ഞാനെന്ന വ്യക്തിയെ സൂചിപ്പിക്കുന്ന എന്തൊക്കെയോ ബാക്കിയുള്ളത് പോലെ.

മുഴുക്കുടിയൻ

ചെറുപ്പത്തിൽ കേട്ട ഒരു മുഴുക്കുടിയൻ്റെ രണ്ടു ആൺമക്കളുടെ കഥയൊന്ന് പറയാം. അതിൽ ഒരുവൻ തികഞ്ഞ മദ്യപാനിയാണ്. രണ്ടാമത്തവൻ തികഞ്ഞ മദ്യ വിരോധിയും. ഒന്നാമത്തവനോട് എന്തുകൊണ്ട് മദ്യപാനിയായി എന്ന് ചോദിച്ചപ്പോൾ, എന്റെ അച്ഛനെ കണ്ടിട്ടാണ് ഞാൻ വളർന്നത് എന്നായിരുന്നു ഉത്തരം. രണ്ടാമത്തവനോട് എന്തുകൊണ്ട് മദ്യ വിരോധിയായി എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞതും എന്റെ അച്ഛനെ കണ്ടിട്ടാണ് ഞാൻ വളർന്നത് എന്നാണ്. ഇവിടെ രണ്ടുപേരുടെയും അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ ഒന്നു തന്നെയാണ്. പക്ഷെ രണ്ടു പേരും അതിനെ മനസിലാക്കിയത് രണ്ടു രീതിയിലാണ്.

അതുപോലെ തന്നെ എന്റെ ഓർമ്മകൾക്കു പകരം മറ്റൊരാളുടേത് കുത്തിവച്ചാൽ പോലും ഞാൻ അതിനെ മനസിലാക്കുന്നത് വേറെ രീതിയിൽ ആയിരിക്കില്ലെ? അപ്പോൾ ഓർമ്മകൾ നഷ്ടപ്പെടുമ്പോൾ ഞാനെന്ന വ്യക്തി പൂർണമായും ഇല്ലാതാകുന്നില്ലല്ലോ.
ഇല്ലാതാകും എന്ന് പറയുന്നവരുമുണ്ട്. എന്തെന്നാൽ, മേൽ പറഞ്ഞ ഉദാഹരണത്തിൽ രണ്ടു മക്കൾക്കും അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ പൊതുവായിട്ടുള്ളതാണ്. എന്നാൽ പൊതുവായിട്ടുള്ളതല്ലാത്ത ഓർമ്മകളും രണ്ടു പേർക്കുമുണ്ടാകും. ആ ഓർമകളുടെ സ്വാധീനമാണ് അവരെ രണ്ടു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതത്രെ.

ഷാജിയുടെ മൃതദേഹം

ഹൃദയാഘാതം മൂലമാണ് ഷാജി മരിച്ചത്. ശരീരം ദർശനത്തിന് വച്ചിട്ടുണ്ട്. പുറത്തു കൂടിനിൽക്കുന്ന ആളുകളിൽ ഒരാൾ പറഞ്ഞു, "ഷാജി നമ്മെ വിട്ടു പോയെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല".
"വിട്ടു പോയെന്നോ?, അപ്പോൾ ആ കിടക്കുന്നതാരാണ്? അടക്കം കഴിയുന്നത് വരേ ഷാജി നമ്മളെ വിട്ടു പോകുന്നില്ലല്ലോ". മറ്റൊരാൾ തിരുത്തിക്കൊണ്ട് പറഞ്ഞു.
"അല്ല, ആ കിടക്കുന്നത് ഷാജിയുടെ മൃതദേഹം മാത്രമാണ്. ഷാജി നമ്മെ വിട്ടു പോയി കഴിഞ്ഞിരിക്കുന്നു". ആദ്യത്തെയാൾ തന്റെ ഭാഗം ന്യായീകരിച്ചു.
ശരിക്കും ഷാജി പോയോ ഇല്ലയോ?. മൃതശരീരത്തെ ഒരു വ്യക്തിയായല്ല, മറിച്ച് ഒരു വസ്തുവായാണ് നമ്മൾ പരിഗണിക്കാറുള്ളത്. കാരണം വ്യക്തിയെ നിർവചിക്കാൻ ഉതകുന്നതായ എന്തോ ഒരു ഘടകം മൃതദേഹത്തിനില്ല. ആ ഘടകം എന്താണെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും നമ്മൾക്ക് അറിയാവുന്ന ഒരു വ്യത്യാസമെന്തെന്നാൽ, ജീവനുള്ള ഷാജി ചിന്തിച്ചിരുന്നു. ആ മൃതദേഹത്തിന് ചിന്തകളില്ല. ചിന്തകൾ ഇല്ലാതാകുമ്പോൾ വ്യക്തിയും ഇല്ലാതാകുന്നു. ചിന്തകൾ മാറുമ്പോൾ വ്യക്തിയും മാറുന്നു.
അങ്ങനെയെങ്കിൽ ഒരു വ്യക്തി എന്നു പറയുന്നത് അദ്ദേഹത്തിന്റെ ചിന്തകളാണെന്ന് പറഞ്ഞുകൂടേ?

രസകരമായ വസ്തുതയെന്തെന്നാൽ, ആരാണ് നീയെന്ന ചോദ്യത്തിന്റെ കൃത്യമായ ഉത്തരത്തിനു വേണ്ടിയുള്ള യാത്ര നൂറ്റാണ്ടുകൾക്കു മുന്നേ തുടങ്ങിയതും ഇന്നും തുടർന്നു കൊണ്ടിരിക്കുന്നതുമാണ്. എല്ലാവര്ക്കും അംഗീകരിക്കാൻ പറ്റിയ ഒരുത്തരത്തെ പറ്റിയുള്ള ചർച്ച ഇന്നും നടന്നു കൊണ്ടിരിക്കുന്നു. എങ്കിലും തൽക്കാലം ഈ ലേഖനം ഇങ്ങനെ അവസാനിപ്പിക്കാൻ ഞാൻ താത്പര്യപ്പെടുന്നു.

ആരാണ് നീ?, നീയെന്നാൽ നിന്റെ ചിന്തകളാണ്.


നസീഫ് പി പി

Comments

Post a Comment