Skip to main content

ചുവരെഴുത്തുകൾ


 
കാലത്തിന്റെ ചുമരെഴുത്തുകൾ എന്നത് പഴകിയ പ്രയോഗമാണ്. കാലത്തിന്റെ ചുമരെഴുത്തുകൾ വായിക്കാത്തവർ എന്തോ കുറ്റം ചെയ്തവരാണെന്ന തോന്നൽ ആ പ്രയോഗത്തിൽ തന്നെയുണ്ട്. പല കാര്യങ്ങളും തുറന്നു പറയാൻ ചങ്കൂറ്റമില്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. അത്തരത്തിൽ ശബ്ദമില്ലാത്തവർക്ക് ശബ്‌ദിക്കാൻ സുക്കർബർഗ് ഒരു മാധ്യമം ഉണ്ടാക്കി. അവിടെ അവർക്ക് ശബ്ദിക്കാൻ ചുമരുകൾ കിട്ടി. ആ ചുമരിൽ അവരുടെ പ്രതിഷേധങ്ങളും അഭിപ്രായങ്ങളും ഉടലെടുത്തു തുടങ്ങി.

ആൺകുട്ടികളുടെ മൂത്രപ്പുരയിലെ ചുവരെഴുത്തുകളെക്കുറിച്ച് 'ഇ'യെന്ന പുസ്തകത്തിൽ ഞാൻ വായിച്ചിട്ടുണ്ട്. അധ്യാപകരോടുള്ള ദേഷ്യം ചുമരിൽ വരച്ചും എഴുതിയും തീർക്കുന്ന ആൺകുട്ടികളെ കുറിച്ചാണ് അതിൽ പറയുന്നത്. ഒരിക്കലും കാണാത്തതിനാൽ പെൺകുട്ടികളുടെ മൂത്രപ്പുര ഒരു ക്ഷേത്രം പോലെ നിലകൊണ്ടു എന്ന് പറഞ്ഞാണ് പുസ്തകം അവസാനിക്കുന്നത്. തീവണ്ടിയുടെ ശുചിമുറികളിലെ ചുവരെഴുത്തുകളെ കുറിച്ച് എഴുതിയിട്ടില്ല. "ശബ്ദമില്ലാത്തവരുടെ ശബ്ദം" എന്നാണ് എനിക്കതേക്കുറിച്ച് തോന്നിയിട്ടുള്ളത്. അതിൽ കാമം വരച്ചും എഴുതിയും തീർക്കുന്ന ഹതഭാഗ്യവാന്മാരും ഉണ്ട് എന്നുള്ളത് എന്നെ സങ്കടപ്പെടുത്തുന്നു. ഭൂമിയിലെ ഇത്ര മനോഹരമായ ഒരു വികാരം നിഷേധിക്കപ്പെടുന്നവരോട് സഹതാപം തോന്നാതിരിക്കുന്നത് എങ്ങനെ.

പറഞ്ഞു വന്നത് ചുമരെഴുത്തുകളെ കുറിച്ചാണ്. നമ്മുടെ അപ്പനപ്പൂപ്പന്മാരും ചുമരെഴുത്തുകളുടെ ആളുകളായിരുന്നു. ഗുഹാചിത്രങ്ങളും പ്രാചീന ലിപികളും അതിന്റെ പൂർവരൂപങ്ങളാണെന്ന് ഞാൻ കരുതുന്നു.

നവമാധ്യമങ്ങളിൽ പ്രധാനപ്പെട്ട ഫേസ്ബുക്കിന്റെ ഒരു പ്രധാന ഇടം അതിന്റെ 'വാളാ'ണ്. അതെ ചുമരു തന്നെ. വാളിലാണ് നമ്മൾ നമ്മുടെ ആശയങ്ങൾ, വികാരങ്ങൾ, വിചാരങ്ങൾ, കലിപ്പുകൾ ഒക്കെ പങ്കുവയ്ക്കുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കും പാർവതിക്കും പല വിഷയങ്ങളിലും അഭിപ്രായങ്ങൾ ഉള്ളത് പോലെ, അത് അവർ പലയിടങ്ങളിൽ പങ്കുവയ്ക്കുന്നത് പോലെ, ഫോട്ടോക്ക് പോസ് ചെയ്യുന്നത് പോലെ, കുഞ്ഞു കുഞ്ഞു ഇഷ്ടാനിഷ്ടങ്ങൾ പങ്കുവയ്ക്കുന്നത് പോലെ (ആരിലാണ് ഒരു മോഹൻലാലും മമ്മൂട്ടിയും പാർവതിയും ഇല്ലാത്തത്?). ഓരോ ജീവിക്കും അത്തരം ആത്മ പ്രകാശനത്തിനുള്ള അതിയായ ആഗ്രഹം ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നു.

പി സി ജോർജിനും കെ മുരളീധരനും അതൊക്കെ മുഖ്യധാരാ മാധ്യമങ്ങളിൽ തന്നെ സാധ്യമാകുന്നു. അതില്ലാത്ത എത്രയോ സാധാരണക്കാരായ മനുഷ്യർക്കും സ്വന്തം അഭിപ്രായങ്ങളുണ്ട്. ഇവിടുത്തെ നെറികേടുകളോട് പ്രതിഷേധം ഉണ്ട്. നേരത്തെ പറഞ്ഞപോലെ കാമം കരഞ്ഞു തീർക്കുന്ന കഴുതകളായി ജീവിക്കുന്നവരുമുണ്ട്.

കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുകയാണ്. തന്റെ വികാരവിചാരങ്ങൾ പങ്കുവയ്ക്കാൻ സാധാരണക്കാർക്കും ഇടമുണ്ടായിരിക്കുന്നു. അതിൽ വീട്ടമ്മമാരുണ്ട് കോളേജ് കുട്ടികളുണ്ട്. അങ്ങനെ നവമാധ്യമങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞിരിക്കുന്നു.

WhatsApp, Instagram പോലുള്ള ആപ്പുകൾ ഉപയോഗിക്കാത്തവർ വിരളമാണ്. അതില്ലാത്ത ഒരു ജീവിതം ഇന്നത്തെ സമൂഹത്തിന് ഓർക്കാൻ കൂടിയാവില്ല.
അങ്ങനെ മനുഷ്യന്റെ ഇടപെടലുകൾ കുറഞ്ഞു അയൽവാസിയെ വരെ WhatsApp call ചെയ്യുന്ന രീതി. ഹാപ്പിനെസ്സുകൾ സ്റ്റാറ്റസുകളിലേക്ക് മാറിയിരിക്കുന്നു. വ്യൂസ് ന്റെ എണ്ണം മനസ്സിനെ തൃപ്തിപ്പെടുത്തുന്നു.

ഇതൊക്കെ ഒരുപാട് പേര് ചർച്ച ചെയ്ത വിഷയങ്ങളാണ്. പക്ഷെ ആ ചർച്ചകളും മാധ്യമത്തിന്റെ റേറ്റിംഗ് കൂട്ടാനുള്ള ഒരു പരിപാടിയായി.
നമ്മൾ വിഷയത്തിൽ നിന്ന് ഒരുപാട് ദൂരം സഞ്ചരിച്ചു. അപ്ഡേറ്റ് ആയ സമൂഹം ഇപ്പോൾ പ്രതിഷേധിക്കുന്നത് comments കളിൽ കൂടിയാണ്. ഇവിടെ "മൈര്" എന്ന മലയാള പദത്തിന്റെ ഉയർച്ചയും നമുക്ക് കാണാൻ കഴിയും. ഒരു വ്യക്തിയുടെ, അവരുടെ സന്തോഷ നിമിഷം സാമൂഹ്യ മാധ്യമത്തിൽ പങ്കുവയ്ക്കുമ്പോൾ അതിനെ ലൈംഗിക ചുവയോടെ കാണുന്ന ഒരുകൂട്ടം മലരുകളെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്.

വളർന്നു വരുന്ന സമൂഹം ഇൻസ്റ്റാഗ്രാമിലെയും ടെലെഗ്രാമിലെയും ചില പ്രമുഖ ഗ്രൂപ്പുകളുടെ അഡ്മിൻ ആണ്. ശരിക്കും മൂത്രപ്പുരയിലെ ചുവരെഴുത്തുകൾ ഇപ്പോൾ നമുക്ക് സാമൂഹ്യമാധ്യമങ്ങളിൽ കാണാം. അഭിപ്രായ സ്വാതന്ത്രം ശരിക്കും നമ്മൾ ദുരുപയോഗം ചെയ്യാറല്ലേ പതിവ്?!....


ജിജിത്ത് കെ

Comments

Post a Comment