Skip to main content

അവളൊരു ആൺകുട്ടിയോ ???


                          "അവൾ ഞങ്ങളുടെ ആൺകുട്ടിയാണ്" എന്ന കേൾവിക്ക്  ശേഷം അടക്കാൻ കഴിയാത്തൊരു പിരിമുറുക്കമുണ്ടായിരുന്നു ഉള്ളിൽ. ആ ഒരു പ്രസ്ഥാവനക്ക് പിന്നിൽ  പ്രത്യക്ഷമായതും പരോക്ഷമായതുമായ ഒരുപാട് തലങ്ങളുണ്ട്. ആൺകുട്ടിയാണ് എന്ന് പറയുമ്പോൾ അവരുടെ മുഖത്ത് അഭിമാനമുണ്ടായിരുന്നു, അതേ അഭിമാനം അവളെ ഞങ്ങൾ നല്ലൊരു വ്യക്തിയായി വളർത്തി എന്ന് പറഞ്ഞാൽ ഉണ്ടാവില്ലെ ? ഒരാളുടെ മാത്രം കാഴ്ചപ്പാട് ആയിരുന്നെങ്കിൽ അത്  നാട്ടിലെ സ്ഥിരം കേട്ടു കേൾവി ആയി മാറില്ലായിരുന്നു. എന്തുകൊണ്ടായിരിക്കും എന്ന് പല തവണ ചൂഴ്ന്ന് ചിന്തിക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും ഒരു ദീർഘ നിശ്വാസം എടുത്ത് ഞാനൊന്ന് തിരിഞ്ഞിരുന്നു. അവിടെ പിടിച്ചു വക്കലുകൾ ഇല്ലാതെ സ്വന്തം ഇഷ്ടത്തിന് സ്വതന്ത്രയാക്കി വളർത്തിയവളെ ആൺകുട്ടി എന്ന് വിളിച്ചു , സ്വന്തം അഭിപ്രായങ്ങളെ വെട്ടി തുറന്ന് പറഞ്ഞവളെ ആൺകുട്ടിയെന്ന് വിളിച്ചു, ബൈക്ക് ഓടിച്ച് പോവുന്നവളെ കണ്ടപ്പോൾ പുറകിലെവിടെ നിന്നോ അവളെ ഞങ്ങൾ ആൺകുട്ടി ആയാണ് വളർത്തിയതെന്നു കേട്ടു. ചെവി ഒന്നു പൊത്തി ഞാൻ എന്നിലേക്ക് തന്നെ നോക്കിയപ്പോൾ ഒരുപാട്  ചോദ്യങ്ങൾ  അവിടെയും ഉണ്ടായിരുന്നു. അവൻ ചെയ്യുന്ന കാര്യങ്ങൾ അവൾ ചെയ്യുമ്പോൾ അവൾ എങ്ങനെ അവനായി മാറി? ഈ കാലത്തും ഒരേ ജോലി ചെയ്യുന്ന സ്ത്രീയും പുരുഷനും എങ്ങനെ വ്യത്യസ്ഥ വേതനം വാങ്ങുന്നവരായി? സ്വന്തം ഇഷ്ടത്തിന് വസ്ത്രം ധരിച്ചാൽ അവൾ മാത്രം ചർച്ച ചെയ്യപ്പെടുന്നതും വിമർശിക്കപ്പെടുന്നതും എങ്ങനെയാണ്? മുന്നോട്ടു വരുന്നവരും ശബ്ദമുയർത്തുന്നവരും കുറവായതാണോ കാരണം? 

വർഷം ഇത്രയായിട്ടും കാലം പിന്നോട്ടാണോ സഞ്ചരിക്കുന്നത് എന്ന് തോന്നിപ്പോവുന്നത് ഇത്തരം സമയങ്ങളിലാണ്.   ചിന്താശൂന്യരായ  ഒരു സമൂഹം നമുക്കൊപ്പം വളരുന്നെന്ന കാര്യം എത്ര വേദനാജനകമാണ് .
ഒന്നും ആരും എഴുതി വച്ചതല്ല, വരൾച്ചയിൽ മഴ ആശ്വാസമാവുന്നതുപോലെ വരണ്ട മനസ്സിൽ ചിന്തകൾ പെയ്യട്ടെ. ആർഷഭാരത സംസ്കാരത്തിൽ സ്ത്രീ എന്നും പുരുഷന് ഒരു പടി താഴെ നിന്നാൽ മതി എന്ന മനോഭാവം വേരോടെ അറുത്തു മാറ്റുക തന്നെയാണ് വേണ്ടത്. ജനിച്ചിട്ടുണ്ടെങ്കിൽ ജീവിക്കാനും സ്വന്തം ഇഷ്ടം പ്രകടിപ്പിക്കാനും തുല്യമായ അവകാശം ഓരോ വ്യക്തിക്കുമുണ്ട്. അവളെ ആൺകുട്ടിയായി വളർത്തി എന്നതിൽ മറ്റുള്ളവരിൽ നിന്ന് അവൾ വ്യത്യസ്ഥയാണെന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ  അവളെ അവളായി തന്നെ അംഗീകരിക്കുക. അവിടെ മാറ്റം ജനിക്കുന്നു.  

എടുത്തു കാണിക്കാൻ തന്റേടമുള്ള സ്ത്രീകൾ കുറവായതല്ല കാരണം, എന്തു ആരു ചെയ്യണമെന്ന് കുറിച്ചു വച്ച പഴഞ്ചൻ ചിന്താഗതിയാണ്. സ്വന്തം ഇഷ്ടത്തിനൊത്ത് ജീവിച്ചവരാരും എവിടെയും പതറി വീണു പോയിട്ടില്ല, വീഴ്ത്താൻ ശ്രമിക്കുന്നത് പുരോഗമനമാണെന്ന് കരുതി സ്വന്തം പല്ലിട  കുത്തി ആസ്വദിക്കുന്ന ഒരു പറ്റം ജനതയാണ്. ഒന്നും ആർക്കും വേണ്ടി എഴുതപ്പെട്ടതല്ല, ഇഷ്ടപ്പെടുന്നത് ആരെയും ഭയക്കാതെ ചെയ്യാൻ കഴിയുന്നിടത്ത് മാത്രമാണ് പൂട്ടു പൊളിച്ച് പുറത്തു വരാൻ ഉള്ള സാധ്യത തെളിയുന്നുള്ളു.


ആൺകുട്ടിയായി വളർത്തി എന്ന് അഭിമാനത്തോടെ പറയുന്നിടത്ത് അതേ തുലാസിന്റെ മറുപുറം ജനിക്കുന്ന പെൺകുഞ്ഞ് സ്വന്തം ജനനത്തെ ഉൾക്കൊള്ളുന്നത് എന്ത് അർത്ഥത്തിലായിരിക്കും. വിഷമത്തിനപ്പുറം ഇത്തരം വാക്കുകൾക്ക് പിന്നിലെ ആശയ വൈരുദ്ധ്യം മനസിലാക്കത്തതിലുള്ള ആത്മരോഷം കൂടി തോന്നുന്നു. എല്ലാ സ്വാതന്ത്ര്യവും കൊടുത്ത് പെൺകുഞ്ഞുങ്ങളെ വളർത്താനും അവളുടെ സന്തോഷങ്ങളെ അതുപോലെ തന്നെ സ്വീകരിക്കാനും പ്രാപ്തരായ മാതാപിതാക്കളാണ് മുന്നോട്ടു വരേണ്ടത്. സ്വന്തം കഴിവുകൾ മനസിലാക്കി ഒതുക്കി വച്ച ചിറകുകൾ ഒന്ന് ഉറക്കെ കുടഞ്ഞ് പറക്കാൻ ശ്രമിച്ചാൽ ചിന്തകൾക്കപ്പുറമായ മാറ്റങ്ങൾ ജനിക്കും. എല്ലാവരും ഒരേ പോലെ മാനിക്കപ്പെട്ടുന്ന സമയത്തിന് വേണ്ടി  തെറ്റുകൾ തിരുത്തപ്പെട്ടേ മതിയാവു. ശബ്ദമുയർത്തുന്ന ഓരോ വ്യക്തിയിലൂടെയും കപട ചിന്താ സമൂഹം ഇല്ലാതായി കൊണ്ടിരിക്കും.  
അവൻ ചെയ്യുന്നത് അവൾ ചെയ്താൽ അവൾ അവളായി തന്നെ തുടരുന്നു. കാലം ഒരുപാട് പിന്നിട്ടിരിക്കുന്നു. ഇനിയെങ്കിലും എല്ലാം പൊളിച്ചെഴുതപ്പെടട്ടേ, സ്ത്രീയെന്നോ പുരുഷനെന്നോ മാറ്റി നിർത്താതെ കഴിവുകൾ അംഗീകരിക്കപ്പെടട്ടേ, അവൾ അവളായും അവൻ അവനായും തുടരട്ടെ, 
ചിന്തകൾ പൂക്കുന്നിടത്ത് അവർ ഒരുമിച്ച് ശബ്ദമുയർത്തട്ടെ ...


നിത്യ എം പി

Comments

Post a Comment